#

Jesus Youth Dubai

JY Logo

ആഗോള കത്തോലിക്കാസഭയില്‍ ഒരു പുതുവസന്തത്തിനു കാരണമായ കത്തോലിക്കാ “കരിസ്മാറ്റിക് നവീകരണം” 1975-76 കാലഘട്ടത്തിലാണ് കേരളമണ്ണില്‍ എത്തുന്നത്.ഈ നവീകരണത്തിന്റെ ഭാഗമായ യുവജനങ്ങളില്‍ നിന്നാണ് ജീസസ് യൂത്ത്‌ വളര്‍ച്ച തുടങ്ങുന്നത് .1978 ഡിസംബറില്‍ എറണാകുളത്ത് തേവര കോളേജില്‍ പ്രഥമ കരിസ്മാറ്റിക് യുവജന കണ്‌വന്‍ഷന്‍ നടന്നു.ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുത്ത ആ സമ്മേളനം മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവമായി മാറി.വിദഗ്‌ദരായ പരിശീലകരുടെയും ബഹുമാനപ്പെട്ട വൈദികരുടെയും കരുതലിന്റെയും വളര്‍ത്തലിന്റെയും ഫലമായി 1980 കളില്‍ ആദ്യത്തെ നേതൃത്വ കൂട്ടായ്മ രൂപപ്പെട്ടു. 1985 അന്താരാഷ്ട്ര യുവജനവര്‍ഷമായി മര്‍പ്പാപ്പയും ഐക്യ രാഷ്ട്രസംഘടനയും പ്രഖ്യാപിച്ചു.ആദ്യ നേതൃത്വ കൂട്ടായ്‌മയുടെ പരിശ്രമഫലമായി ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത ഒരു യുവജന കോണ്ഫറന്‍സ് നടത്തപ്പെട്ടു. അതിന്റെ ഒരുക്കം മുതല്‍ യേശു,യുവാക്കള്‍ എന്നിങ്ങനെയുള്ള യുവത്വം തുടിക്കുന്ന ഒരു പേരിനായി അന്വേഷണം തുടങ്ങിയിരുന്നു. ആ കോണ്ഫറന്‍സിനിടയില്‍ ജീസസ് യൂത്ത് എന്ന പേര് ഉയര്‍ന്നുവന്നു.അങ്ങനെ ആ സമ്മേളനത്തിന്റെ പേര് “ജീസസ് യൂത്ത്‌ 85“ എന്നായി.സമ്മേളനം കഴിഞ്ഞു മടങ്ങിയവര്‍ പരസ്പരം ജീസസ് യൂത്ത് എന്നു വിളിച്ചു.അങ്ങനെ “ജീസസ് യൂത്ത്” പിറവിയെടുത്തു.വ്യക്തിപരമായ പ്രാര്‍ത്ഥന,വചന വായന,കൗദാശിക ജീവിതം,കൂട്ടായ്മ ജീവിതം,പാവങ്ങളോടുള്ള പക്ഷംചേരല്‍,സുവിശേഷവത്കരണം എന്നിങ്ങനെ “ആറു തൂണുകള്‍” എന്നറിയപ്പെടുന്ന ആറു കാര്യങ്ങളില്‍ ജീവിത ശൈലി സമന്വയിപ്പിക്കപ്പെട്ടുകൊണ്ട്‌ ജീസസ് യൂത്ത് വളര്‍ച്ച പ്രാപിച്ചു.

കേരളത്തില്‍ ആരംഭിച്ച ജീസസ് യൂത്ത്‌ മുന്നേറ്റം സാവധാനം ഇന്ത്യക്ക് വെളിയിലേക്കും പടരുവാന്‍ തുടങ്ങി.ദൈവസ്നേഹത്തിന്റെ അഗ്നിജ്വാലകളുമായി അറേബ്യന്‍ നാടുകളിലേക്ക് ചേക്കേറിയ യുവജനങ്ങളിലൂടെയാണ് ഇത് സംഭവിച്ചത്.അങ്ങനെ ആദ്യമായി ദുബായില്‍ ജീസസ് യൂത്ത് ഒരുമിച്ചുകൂടി.1995 മാര്‍ച്ച് 23 ആം തീയതിഇരുപത്തിമൂന്നുപേരുമായി ദുബായ് സെന്റമേരീസ് ദേവാലയത്തിന്റെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ജീസസ് യൂത്ത് പ്രാര്‍ത്ഥനാഗ്രൂപിന് ആരംഭമായി .നീണ്ട 23 വര്‍ഷങ്ങളായി വളരെയധികം കരുതലോടെയും സ്നേഹത്തോടെയും ദൈവം ഈ മുന്നേറ്റത്തെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു.

ആദ്യവെള്ളിയാഴ്ചകളില്‍ ഒഴികെ എല്ലാ വെള്ളിയാഴ്ചകളിലും മലയാളം ദിവ്യബലിക്കുശേഷം ഇരുനൂറില്‍ അധികം യുവതീയുവാക്കള്‍ പ്രാര്‍ത്ഥനകളും സംഗീതവും വചനം പങ്കുവയ്ക്കലുമൊക്കെയായി ജീസസ് യൂത്ത്‌ മലയാളം വിഭാഗത്തില്‍ ഒന്നിച്ചുകൂടുന്നു.വിവിധ മിനിസ്ട്രികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടു തങ്ങള്‍ക്കു കിട്ടിയ ദൈവസ്നേഹത്തിന്റെ താലന്തുകളെ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ അവര്‍ ഓരോരുത്തരും പരിശ്രമിക്കുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ,മേല്‍പ്പറഞ്ഞ ആറുതൂണുകളില്‍ അധിഷ്ഠിതമായ ശൈലി പിന്തുടര്‍ന്നുകൊണ്ടു മുന്നേറുന്ന ആയിരക്കണക്കിന് മാതൃകകള്‍ ആണ് ജീസസ് യൂത്തിന്റെ സമ്പത്ത്.കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളില്‍ നിന്നുള്ളവര്‍ ഏകോദരസഹോദരങ്ങളെപ്പോലെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നുവെന്നതാണ് ജീസസ് യൂത്തിന്റെ സമാനതകളില്ലാത്ത പ്രത്യേകതകളില്‍ ഒന്ന്.ഇന്ന് ഏകദേശം 30 രാജ്യങ്ങളില്‍ ഈ മുന്നേറ്റം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.

2016 മേയ് 20 ന് വത്തിക്കാനില്‍ നടന്ന അനുഗ്രഹീതമായ ചടങ്ങില്‍ ജീസസ് യൂത്ത് മുന്നേറ്റത്തിന് ആത്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്സിലിന്റെ അംഗീകാരം നല്‍കപ്പെട്ടു.ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ രണ്ടാമത്തെയും മുന്നേറ്റമാണ് ജീസസ് യൂത്ത്

വചനം ഇപ്രകാരം പറയുന്നു“ എങ്കിലും നിന്‍െറ യൗവനത്തില്‍ നിന്നോടു ചെയ്‌ത ഉടമ്പടി ഞാന്‍ ഓര്‍മിക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്‌ഥാപിക്കുകയും ചെയ്യും.” (എസെക്കിയേല്‍ 16 : 60)

യൗവ്വനത്തില്‍തന്നെ ഈശോയുമായി ഉടമ്പടിയിലെത്താന്‍ അനേകരെ ആഹ്വാനം ചെയ്തുകൊണ്ട്‌ ,പരിശുദ്താത്മാവിന്റെ അഭിഷേകത്താല്‍ ദിനംപ്രതി ശക്തി പ്രാപിച്ചുകൊണ്ട് ജീസസ് യൂത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.